എലിക്കുളം ഗ്രാമപഞ്ചായത്ത്
കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി താലൂക്കില്‍ പാമ്പാടി ബ്ളോക്കില്‍ ഇളങ്ങുളം, എലിക്കുളം എന്നീ വില്ലേജുകള്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്താണ് എലിക്കുളം ഗ്രാമപഞ്ചായത്ത്. 40.14 ചതുരശ്ര കിലോമീറ്റര്‍ വിസ്തീര്‍ണ്ണമുള്ള പഞ്ചായത്തിന്റെ അതിരുകള്‍ വടക്ക് മീനച്ചില്‍ പഞ്ചായത്ത്, കിഴക്ക് തിടനാട്, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകള്‍, പടിഞ്ഞാറ് അകലകുന്നം, പള്ളിക്കത്തോട് പഞ്ചായത്തുകള്‍, തെക്ക് ചിറക്കടവ്, വാഴൂര്‍, കാഞ്ഞിരപ്പള്ളി പഞ്ചായത്തുകള്‍ എന്നിവയാണ്. 1953 ഓഗസ്റ്റ് 15-നാണ് പഞ്ചായത്ത് രൂപീകൃതമായത്. പഞ്ചായത്തില്‍കൂടിയൊഴുകുന്ന പൊന്നൊഴുകുംതോടിന്റെ ഇരുവശങ്ങളിലുമായി കുന്നുകളും നെല്‍വയലുകളും കാണപ്പെടുന്നു. മടുക്കക്കുന്നുതോട്, കാരടിതോട്, തോക്കനാട്തോട് എന്നിങ്ങനെയുള്ള 28 കിലോ മീറ്റര്‍ വരുന്ന തോടുകളും കുന്നുകളും ചെരിവുകളും സമതലങ്ങളും ഉള്‍ക്കൊള്ളുന്നതാണ് ഈ ഗ്രാമ ഭൂപ്രകൃതി. 80% ത്തോളം ജനങ്ങളുടെ മുഖ്യവരുമാനമാര്‍ഗ്ഗം നാണ്യവിളയായ റബ്ബറാണ്. കേരളത്തിലെ അര്‍ദ്ധമലയോര പ്രദേശങ്ങളിലൊന്നാണ് എലിക്കുളം. പഞ്ചായത്തിലെ സ്ഥലനാമങ്ങള്‍ തന്നെ ഈ കാര്‍ഷിക സംസ്കാരവുമായി ബന്ധപ്പെട്ടതാണ്. എലിക്കുളം, ഇളങ്ങുളം എന്നീ പേരുകള്‍ കുളവുമായി ബന്ധപ്പെട്ടു കിടക്കുന്നു. മറ്റം എന്ന പദത്തിന് വയല്‍, നിലം എന്ന അര്‍ത്ഥമാണുള്ളത്. പനമറ്റം എന്ന സ്ഥലനാമം കാര്‍ഷിക വൃത്തിയുമായി ബന്ധപ്പെട്ടുണ്ടായതാണ്. ഇളങ്ങുളം, എലിക്കുളം, പനമറ്റം എന്നിവിടങ്ങളിലെ ക്ഷേത്രങ്ങളും ഇളങ്ങുളം, കാരക്കുളം, വഞ്ചിമല എന്നിവിടങ്ങളിലെ ക്രിസ്ത്യന്‍ പള്ളികളും പനമറ്റത്തും വഞ്ചിമലയിലുമുള്ള മുസ്ളീം പള്ളികളും പഞ്ചായത്തിന്റെ സംസ്കാരത്തിന് അവരുടേതായ സംഭാവനകള്‍ നല്‍കിയിട്ടുണ്ട്. പഞ്ചായത്തിലെ ഗ്രന്ഥശാലകളെല്ലാം തന്നെ 1950 കളില്‍ സ്ഥാപിക്കപ്പെട്ടവയാണ്. ഇവിടുത്തെ ഇടത്തരം കുടുംബങ്ങളില്‍ വരെ കുട്ടികളെ സംഗീതവും നൃത്തവും അഭ്യസിപ്പിക്കുന്ന രീതിയുണ്ടായിരുന്നു. ഇതോടൊപ്പം മുതിര്‍ന്ന സ്ത്രീകള്‍ പെണ്‍കുട്ടികളെ തിരുവാതിര പഠിപ്പിച്ചിരുന്നു. തിരുവാതിര ദിവസം ക്ഷേത്രാങ്കണത്തില്‍ ഇവരുടെ അരങ്ങേറ്റവും നടനവും നടക്കാറുണ്ടായിരുന്നു. പഞ്ചായത്തില്‍ പനമറ്റത്ത് പതിറ്റാണ്ടുകള്‍ക്കു മുമ്പ് കുറെ യുവാക്കള്‍ കഥകളി പഠിക്കുകയും കഥകളിയോഗം സംഘടിപ്പിക്കുകയും ചെയ്തിരുന്നു. ചിത്രകലയിലും പ്രാവീണ്യമുള്ളവര്‍ പഞ്ചായത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്. രണ്ടാം മൈലിലുള്ള മുത്താരമ്മന്‍ കോവിലിലെ ഉത്സവദിവസം നടക്കുന്ന വില്ല് പാട്ട്, തീ കയ്യില്‍ വഹിച്ചുകൊണ്ട് അനുഷ്ഠിക്കുന്ന അഗ്നികരകം എന്നിവയും പനമറ്റം ദേവീക്ഷേത്രത്തിലെ പൂരം നാള്‍ അവതരിപ്പിക്കുന്ന കുംഭകുട നൃത്തവും പ്രാചീനതയുടെ കരുത്തുള്ളവയാണ്. ഇളങ്ങുളത്ത് ക്രിസ്ത്യന്‍ കുടുംബങ്ങളുടെ ആഭിമുഖ്യത്തില്‍ പ്രശസ്തമായ ഒരു മാര്‍ഗ്ഗം കളിസംഘമുണ്ടായിരുന്നു. നിരവധി ഗ്രന്ഥശാലകളും സാംസ്കാരിക നിലയവുമുള്ള എലിക്കുളം പഞ്ചായത്തില്‍ വിദ്യാഭ്യാസത്തിന്റേയും വിജ്ഞാനത്തിന്റേയും വികസനത്തിന് ഇവ വഹിച്ചിട്ടുള്ള പങ്ക് ഗണനീയമാണ്. സാഹിത്യ രംഗത്ത് ശ്രദ്ധേയമായ സംഭാവന നല്‍കിയ ഇളങ്ങുളത്തെ വിദ്വാന്‍ ആര്‍.വാസുദേവന്‍ കര്‍ത്താ, തികഞ്ഞ പണ്ഡിതനും കവിയുമായിരുന്നു. പ്രൊഫ. വി.പി.ഹരിനാഥന്‍ പനമറ്റം ഒരു നോവലും രണ്ടു നിരൂപണഗ്രന്ഥങ്ങളും രചിച്ച് സാഹിത്യരംഗത്ത് മുദ്ര പതിപ്പിച്ചു. സാഹിത്യരംഗത്ത് മുഖമുദ്ര പതിപ്പിച്ച് ശ്രദ്ധേയനായ സക്കറിയ പഞ്ചായത്തിലെ ഉരുളികുന്നത്ത് മുണ്ടോട്ടുചുണ്ടയില്‍ കുടുംബാംഗമാണ്.
ചെമ്പകശ്ശേരി രാജാവ് സന്ദര്‍ശനത്തിനെഴുന്നള്ളുമ്പോള്‍ താമസിക്കുന്നതിന് കിഴക്കന്‍ പ്രദേശമായ എലിക്കുളത്ത് ഒരു കൊട്ടാരമുണ്ടായിരുന്നു. മൂരിപ്പാറ മഠം എന്ന പേരില്‍ ഇപ്പോഴും ആ വീടു നിലനില്‍ക്കുന്നുണ്ട്. ഈ വീടിന് കൊട്ടാരം എന്നും പറയപ്പെടാറുണ്ട്. കാരക്കുളം പള്ളിക്കു സമീപം പ്രാചീനകാലത്ത് കല്ലമ്പള്ളി മന എന്ന ബ്രാഹ്മണ കുടുംബം ഉണ്ടായിരുന്നു. ഈ കുടുംബക്കാരുടെ ഉടമസ്ഥതയില്‍ ഒരു കാവും അതിനോടനുബന്ധിച്ച് ഒരു കുളവും സ്ഥിതി ചെയ്തിരുന്നു. താളിക്കോട്ട് എന്ന പേരിലാണ് ഈ കുളം അറിയപ്പെട്ടിരുന്നത്. ഈ കുളത്തിലാണ് സമീപവാസികള്‍ പിതാമഹന്മാര്‍ക്ക് ആണ്ടുബലി നടത്തിപ്പോന്നിരുന്നത്. ഈ ബലികര്‍മ്മത്തിന്റെ പ്രധാന്യം കണക്കിലെടുത്തു കൊണ്ട് ഈ പ്രദേശത്തെ ബലിക്കുളം എന്നും ഈ ശബ്ദം എലിക്കുളമായി ഭാഷാന്തരം പ്രാപിച്ചു ദേശനാമം ആയി എന്നും വിശ്വസിക്കുന്നു. സവര്‍ണ്ണ ഹിന്ദുക്കളുടെ ആസ്ഥാനമായിരുന്നു ഈ പ്രദേശം. ക്രിസ്തുവര്‍ഷം 1750 വരെ ഇളങ്ങുളം, എലിക്കുളം എന്നീ പ്രദേശങ്ങളെല്ലാം തെക്കുംകൂര്‍ രാജ്യത്തിന്റെ കിഴക്കന്‍ അതിര്‍ത്തികളില്‍ പെട്ടിരുന്നു. കോട്ടയം തലസ്ഥാനമാക്കി ഭരിച്ചിരുന്ന ഈ രാജവംശം കൊച്ചി രാജവംശത്തിന്റെ ആശ്രിതരായിരുന്നു. 1735 നും 1745 നും ഇടയ്ക്കാണ് ഈ പ്രദേശത്തെ പ്രധാന ക്ഷേത്രങ്ങളെല്ലാം സ്ഥാപിതമായിട്ടുള്ളത്. ഇളങ്ങുളം ശ്രീ ധര്‍മ്മ ശാസ്താ ക്ഷേത്രം സ്ഥിതി ചെയ്യുന്നതു കൊണ്ടാണ് ഈ പ്രദേശത്തിന് ഇളങ്ങുളം എന്ന പേരുണ്ടാകാന്‍ കാരണം എന്ന് പറയപ്പെടുന്നു. പഴക്കമേറിയ മറ്റൊരു ആരാധനാലയമാണ് പനമറ്റം ഭഗവതീ ക്ഷേത്രം. തമിഴ് നാട്ടിലെ കാഞ്ചീപുരത്തു നിന്നും കച്ചവടക്കാര്യങ്ങള്‍ക്കായി കേരളത്തില്‍ എത്തി ആലപ്പുഴ മുഹമ്മയില്‍ താവളമടിച്ചവരില്‍ നിന്ന് കാലാന്തരത്തില്‍ ഒരു ശാഖ ഇളങ്ങുളത്ത് വരികയും അവരുടെ പരദേവതയായ മുത്താരമ്മയെ ഇവിടെ പ്രതിഷ്ഠിക്കുകയും ചെയ്തു. അതാണ് ഇളങ്ങുളം ശ്രീമുത്താരമ്മന്‍ കോവില്‍. തീണ്ടലും തൊടീലും പ്രാബല്യത്തിലിരുന്ന കാലഘട്ടത്തില്‍ ക്ഷേത്രങ്ങളിലെ ഉപയോഗത്തിനുള്ള എണ്ണ ക്രിസ്ത്യാനികള്‍ തൊട്ടു ശുദ്ധീകരിക്കുന്ന പതിവുണ്ടായിരുന്നു. ഇതിലേയ്ക്കായി ഇടപ്പള്ളി സ്വരൂപക്കാര്‍ കൊണ്ടുവന്നവരാണ് ഇവിടുത്തെ ആദ്യ ക്രിസ്തീയ കുടുംബങ്ങള്‍ എന്നാണറിവ്. പിന്നീട് ജനസംഖ്യ വര്‍ദ്ധിച്ചതോടുകൂടി സ്ഥാപിക്കപ്പെട്ടതാണ് ഇളങ്ങുളം സെന്റ് മേരീസ് ദേവാലയം ഉരുളികുന്നം സെന്റ് ജോര്‍ജ്ജ് ദേവാലയം, എലിക്കുളം ചെറുപുഷ്പം ദേവാലയം എന്നിവ. ഭാരത സ്വാതന്ത്ര്യസമരത്തിന്റെ ചരിത്രത്തില്‍ പങ്കാളികളായവരില്‍ പേരെടുത്തു പറയേണ്ടുന്ന രണ്ടു വ്യക്തികളാണ് പനമറ്റം മാടപ്പള്ളില്‍ പി.കേശവപിള്ള, പെരുവേലില്‍ ആശാന്‍ എന്നു വിളിക്കുന്ന ജോസഫ് എന്നിവര്‍. പഞ്ചായത്തിന്റെ ചരിത്രത്തില്‍ സ്ഥാനം പിടിച്ചു പറ്റിയ മറ്റൊരു സംഭവമാണ് കൂലിക്കൂടുതലിനും കുടികിടപ്പവകാശത്തിനുമായി 1969 മുതല്‍ നടന്ന മഞ്ഞപ്പള്ളില്‍ തൊഴിലാളി സമരം.